
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പരാതി നൽകിയ യുവതിയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ രാഹുൽ ഈശ്വറുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. അധിക്ഷേപ വാര്‍ത്തകള്‍ നിര്‍മ്മിച്ച ലാപ്ടോപ്പ് കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം
പൗഡിക്കോണത്തെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. പോലീസ് വലയത്തില്‍ നിന്ന് മാധ്യമങ്ങളോട് ആയിരുന്നു പ്രതികരണം. വനിതാ കമ്മീഷനെ പോലെ സ്ത്രീകളുടെ പീഡനം തടയാന്‍ പുരുഷ കമ്മീഷന് വേണമെന്നാണ് രാഹുൽ ഈശ്വർ വാദിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കുറ്റത്തിനാണ് രാഹുൽ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. എ ആർ ക്യാമ്പില്‍ കൊണ്ടു പോയി വിശദമായ ചോദ്യം ചെയ്യൽ നടത്തിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു

യുവതിയെ സൈബറിടങ്ങളില്‍ അധിക്ഷേപിച്ചതിന് രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ, രജിത പുളിക്കൻ, അഡ്വ. ദീപാ ജോസഫ്
എന്നിവരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയിടുണ്ട്. പരാതിക്കാരിക്കെതിരെ മോശം കമന്റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ മെറ്റയോടും ഫേസ്ബുക്കിനോടും സൈബർ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം രാഹുൽ ഈശ്വറിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും


