
ഹൈദരാബാദിലെ യുവ വനിതാ ഡോക്ടർ ജീവനൊടുക്കിയത് അമേരിക്കൻ വിസ നിരസിച്ചതിലുള്ള നിരാശ കാരണമെന്ന് ബന്ധുക്കള്‍.
ഗുണ്ടൂർ സ്വദേശിനിയായ രോഹിണി (38) യാണ് മരിച്ചത്. ഹൈദരാബാദിലെ ഫ്ലാറ്റിലാണ് ഇവരെ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
യുഎസ് വിസ ലഭിക്കാത്തതിനെത്തുടർന്നുണ്ടായ കടുത്ത വിഷാദത്തിലായിരുന്നു ഡോക്ടര്‍ എന്ന് അമ്മ വ്യക്തമാക്കി.
യുഎസിലെ ജോലി മകൾ ഏറെ ആഗ്രഹിച്ചിരുന്നെന്ന് അമ്മ ലക്ഷ്മി പറഞ്ഞു.
യുഎസിൽ പ്രതിദിനം പരിശോധിക്കേണ്ട രോഗികളുടെ എണ്ണം കുറവാണെന്നും വരുമാനം മെച്ചപ്പെട്ടതാണെന്നും മകൾ പറഞ്ഞിരുന്നു.
വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ അമേരിക്കയിലേക്കുള്ള വിസ നിഷേധത്തെ തുടർന്ന് താൻ കടുത്ത വിഷാദത്തിലാണെന്ന് രോഹിണി സൂചിപ്പിച്ചിരുന്നു

വാതിലിൽ മുട്ടിയിട്ടും തുറക്കാത്തതിനെ തുടർന്ന് വീട്ടു ജോലിക്കാരിയാണ് വേറെ സ്ഥലത്ത് താമസിക്കുന്ന കുടുംബാംഗങ്ങളെ വിവരം അറിയിച്ചതെന്ന് പോലീസ് പറഞ്ഞു. വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് മരണ വിവരം അറിയുന്നത്. അമിതമായ അളവിൽ ഉറക്ക ഗുളികകൾ കഴിച്ചതോ വിഷം കുത്തി വെച്ചതോ ആകാമെന്നാണ് നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൃത്യമായ മരണ കാരണം അറിയുകയുള്ളൂ


