
ആലപ്പുഴ ; അരൂര്‍-തുറവൂര്‍ ദേശീയ പാതയില്‍ ഉയരപ്പാത നിര്‍മാണത്തിനിടെ
ഗർഡർ വീണ് മരിച്ച രാജേഷിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. നഷ്ടപരിഹാര തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ഏറെ നേരം അധികൃതരുമായി തര്‍ക്കത്തിലായിരുന്നു. തഹസിൽദാരുമായി നടത്തിയ ചർച്ചയിലാണ് സമവായമായത്. ഇതനുസരിച്ച്
കരാർ കമ്പനി കുടുംബത്തിന് സഹായമായി 25 ലക്ഷം രൂപയും മരണാനന്തരച്ചടങ്ങിനായി 40,000 രൂപയും നൽകും. അടിയന്തര സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് സർക്കാർ 4 ലക്ഷം നൽകും. മകന്റെ ജോലിക്ക് ശുപാർശ നൽകുമെന്ന് തഹസിൽദാർ അറിയിച്ചെന്നും കുടുംബം വ്യക്തമാക്കി

അതിനിടെ നിര്‍മാണ കമ്പനിയായ അശോക ബില്‍ഡ്കോണ്‍ കമ്പനിക്കെതിരെ അരൂര്‍ പൊലീസ് കേസെടുത്തു സുരക്ഷയൊരുക്കിയില്ലെന്നും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നും എഫ്ഐആറില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിനായി ദേശീയ പാതാ അതോറിറ്റി, വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതി ഇന്ന് തന്നെ പ്രാഥമിക പരിശോധന നടത്തും. അന്തിമ റിപ്പോർട്ടിന് ശേഷം നടപടി സ്വീകരിക്കാനാണ് എൻഎച്ച്എഐ
തീരുമാനം. സുരക്ഷ ഒരുക്കാതെയുള്ള ഉയരപ്പാത നിര്‍മ്മാണത്തിനിടെ ചന്തിരൂര്‍ ഭാഗത്ത് ഗർഡർ വീണ് ഇന്ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. മുട്ടയുമായി എറണാകുളം ഭാഗത്ത് നിന്ന് ആലപ്പുഴയിലേക്ക് പോയ രാജേഷിന്റെ പിക്കപ്പ് വാനിലേക്ക് ഗര്‍ഡറുകള്‍ വീഴുകയായിരുന്നു. മൂന്നര മണിക്കൂറിന് ശേഷം വാഹനം പൊളിച്ചാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത്


