
ഡല്‍ഹി: കഴിഞ്ഞ ദിവസം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്ഫോടനത്തില്‍ കൂടുതല്‍ വിവരം പുറത്ത്.
മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് എന്‍ ഐ എയുടെ കണ്ടെത്തല്‍. റിപ്പബ്ലിക് ഡേ, ദീപാവലി ദിവസങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതിയിട്ടത്. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും ആക്രമണ പദ്ധതിയുടെ ഭാഗമായി മുസമ്മിലും ഉമറും ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും എന്‍ഐഎ പറയുന്നു

ഡോ. ഉമര്‍ നബി ഭട്ടിനെയും ഫരീദാബാദിലെ ഡോക്ടര്‍മാരെയും കേന്ദ്രീകരിച്ചാണ് എന്‍ഐഎയും അന്വേഷണം നടത്തുന്നത്. രാജ്യ തലസ്ഥാനത്തെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. റിപ്പബ്ലിക് ദിനത്തിലും ആള്‍ത്തിരക്ക് ഏറെ അനുഭവപ്പെടുന്ന ദീപാവലി ദിനത്തിലും
ആക്രമണം നടത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഉമറും സംഘവും കൂടുതല്‍ കാറുകള്‍ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് ഉപയോഗിച്ച കാറിന് പുറമെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇവർ വാങ്ങിയെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. എന്നാല്‍ ഈ കാറുകള്‍ എവിടെ എന്ന് വ്യക്തമല്ല

പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്. 10 പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന് കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുന്നത്. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സ്ഫോടനം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ഡല്‍ഹി,ജമ്മു പൊലീസുദ്യോഗസ്ഥരില്‍ നിന്ന് എന്‍ഐഎ സംഘം ശേഖരിച്ചു. നടന്നത് ചാവേറാക്രമണമല്ലെന്നും
ഫരീദാബാദിലെ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സ്ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഫോടക വസ്തുക്കള്‍ മാറ്റുന്നതിനായാണ് ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് നിഗമനം. കാറില്‍ വന്‍ അളവില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു. സൈന്യം ഉപയോഗിക്കുന്ന ശക്തമായ സ്ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടക്കം കാറില്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. പരിശോധനയില്‍ കാറില്‍ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു

