
പത്തനംതിട്ട : കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കൾ അതിക്രൂരപീഡനത്തിനിരയായത്. സംഭവത്തിൽ ചരൽക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മർദിച്ചെന്നും എഫ്ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്. യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിച്ചശേഷം ഇതിൻ്റെ ദൃശ്യങ്ങൾ പകർത്തിയെന്നും എഫ്ഐആറിലുണ്ട്. പ്രതികളായ യുവദമ്പതികൾ സൈക്കോ മനോനിലയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കിയശേഷം ഇവരുടെ പണവും ഐഫോണും തട്ടിയെടുത്തു . യുവാക്കളെ പ്രതികളുടെ വീട്ടിലെത്തിച്ചശേഷം കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ക്രൂരപീഡനം. യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി അഭിനയിക്കണമെന്ന് നിർബന്ധിച്ച് യുവാവിനെ വിവസ്ത്രരാക്കിയശേഷം കട്ടിലിൽ കിടത്തി വീഡിയോ ചിത്രീകരിക്കുകയായിരുന്നു. കട്ടിലിൽ കൈകൾ കെട്ടിയിട്ടശേഷം വാക്കത്തി കഴുത്തിൽവെച്ച് കഴുത്തിലും നെഞ്ചിലും കാലിലും ചവിട്ടിയും മർദനം തുടർന്നു. കമ്പിവടികൊണ്ട് പുറത്തും കൈമുട്ടിനും കാലിനും ശക്തിയായി അടിച്ചുവേദനിപ്പിച്ചെന്നും കരഞ്ഞാൽ കൊന്ന് കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തി. കൈകളിൽ കയർ കെട്ടിയശേഷം വീടിൻ്റെ ഉത്തരത്തിൽ കെട്ടിത്തൂക്കിയും കട്ടിങ് പ്ലയർകൊണ്ട് മോതിരവിരലിൽ അമർത്തിയും പീഡനം തുടർന്നുവെന്നാണ് എഫ്ഐആറിലുള്ളത്. യുവാക്കൾ സമാനതകളില്ലാത്ത അതിക്രൂരമായ പീഡനത്തിനാണ് ഇരയായത് .



