
ഡല്‍ഹി: നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24നോ 25നോ നടപ്പിലാക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍ സുപ്രിം കോടതിയില്‍ അറിയിച്ചു. മാധ്യമങ്ങളെ ഈ ദിവസങ്ങളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയപ്പോള് ആണ് പോള്‍ ഇക്കാര്യം അറിയിച്ചത്.
പോളിന്റെ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രിംകോടതി നോട്ടീസ് നല്കി. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
മാധ്യമങ്ങളെ 3 ദിവസത്തേക്ക് തടയണമെന്നും മോചന ശ്രമത്തില്‍ ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് കെ എ പോള്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ഉന്നയിച്ചത്
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ആവശ്യമാണെന്നും പോള്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തന്റെ ഇടപെടലിന്റെ ഫലമായി നിമിഷപ്രിയ ഉടനെ മോചിതയാകുമെന്ന് പ്രഖ്യാപിച്ചയാളാണ് പോൾ. കഴിഞ്ഞ ദിവസം നിമിഷ പ്രിയയുടെ മോചനത്തിന് പണം പിരിക്കാനുള്ള ശ്രമവുമായി ഇയാള്‍ രംഗത്തെത്തിയതും വിവാദമായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിൽ ബാങ്ക് അക്കൗണ്ടും പങ്ക് വെച്ച് 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു പോളിന്റെ പ്രചാരണം. എന്നാല്‍ പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ തന്നെ വ്യക്തമാക്കുകയായിരുന്നു.


