
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത്. അടുപ്പമുണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ഗുരുതര ശബ്ദ സംഭാഷണവും പുറത്തു വന്ന കൂട്ടത്തിലുണ്ട്.സ്വകാര്യത മാനിച്ച് ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് പുറത്തു വിട്ടത്.

ഇതു കൂടാതെ വിവിധ സ്ത്രീകളുമായുള്ള കൂടുതൽ വാട്സാപ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളും പുറത്ത് വന്നിട്ടുണ്ട്.കോൺഗ്രസില്‍ തന്നെയുള്ള തന്റെ സഹപ്രവർത്തകയ്ക്ക് അയച്ച ചാറ്റുകളാണ് അതിലൊന്ന്. പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്, സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ പറയുന്നത്. എന്നാൽ എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, സുന്ദരിമാർ എല്ലാം ഇങ്ങനെയാ, സൗന്ദര്യമുള്ളതിൻ്റെ ജാഡയാണോ, എന്നിങ്ങനെ ദ്വയാര്ത്ഥത്തിലുള്ളതണ് രാഹുലിൻ്റെ മറുപടി. 2020ൽ അയച്ച മെസ്സേജ് ആണിതെന്ന് കരുതുന്നു.

ഇതു പോലെ രാഹുലില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് മാധ്യമ പ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്ക്കറും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. പേരു പറയാതെയായിരുന്നു വിമർശനം. ഇതിതിനെല്ലാമിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും പുറത്തു വരുന്നത്.

