
ദില്ലി: തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി പി രാധാകൃഷ്ണന് പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും, എന്‍ഡിഎ നേതാക്കള്‍ക്കും ഒപ്പമെത്തിയാണ് പത്രിക നല്‍കിയത്. തിങ്കളാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. അടുത്ത മാസം 9നാണ് തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും. എന്‍ഡിഎയുടെ നിലവിലെ അംഗബലത്തില്‍ സി പി രാധാകൃഷ്ണന് ഉപരാഷ്ട്രപതിയാകും. മുൻ ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതോടെ ഒഴിവുവന്ന സ്ഥാനത്തേക്കാണ് സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നത്.

തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

അതേസമയം, മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയാണ്
ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. നാളെ പത്രിക നല്‍കും. ആർഎസ്എസിനെതിരെ ഭരണഘടന സംരക്ഷിക്കാനുള്ള ആശയ പോരാട്ടമാണിതെന്ന് ഇന്ത്യ സഖ്യനേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇൻഡ്യാ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി ഏകകണ്ഠമായി പ്രഖ്യാപിച്ചത്. സുപ്രീംകോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി

