

കൊച്ചി: മലയാള സിനിമയിലെ നടീ, നടൻമാരുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. പ്രസിഡന്റായി ശ്വേതാ മേനോനെ തെരഞ്ഞെടുത്തു. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ജനറൽ സെക്രട്ടറി. നടൻ രവീന്ദ്രനെ തോൽപ്പിച്ചാണ് കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ട്രഷററായി ഉണ്ണി ശിവപാലനെ തെരഞ്ഞെടുത്തു. ജയൻ ചേർത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായാണ് അമ്മ സംഘടനയുടെ തലപ്പത്ത് വനിതകളെത്തുന്നത്.

ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. 233 വനിതാ അംഗങ്ങളാണുള്ളത്.
ഇത്തവണ പോളിംഗ് ശതമാനത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 298 പേര് വോട്ട് ചെയ്ത ഇത്തവണ 58 % മാത്രമാണ് പോളിംഗ്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. അതായത് 70% പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവാണ് പോളിംഗിലുണ്ടായത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ആറു പേര് പത്രിക നല്‍കിയിരുന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ദേവന്- ശ്വേത മത്സരത്തിന് വഴിതെളിഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് ഓഗസ്റ്റ് 27ന് ഭരണ സമിതി രാജി വച്ചൊഴിഞ്ഞു. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
