

79-ാം സ്വാതന്ത്ര്യദിനത്തിലേക്ക് കാലെടുത്ത് വയ്ക്കുകയാണ് രാജ്യം. ഒരു നൂറ്റാണ്ടോളം നീണ്ടുനിന്നിരുന്ന ബ്രിട്ടീഷ് ഭരണത്തിന് അറുതി വരുത്തി ജനാധിപത്യത്തിലേക്ക് ഇന്ത്യ ഉണര്‍ന്നിട്ട് നാളേക്ക് 78 വര്‍ഷമാകും. 1947 ആഗസ്റ്റ് 15 നായിരുന്നു ഇന്ത്യ സ്വതന്ത്രമായത്. ധീരരായ നിരവധി രക്തസാക്ഷികള്‍ സ്വന്തം ജീവനും രക്തവും നല്‍കിയാണ് രാജ്യത്തെ വൈദേശികാധിപത്യത്തില്‍ നിന്ന് മോചിപ്പിച്ചത്.രാജ്യത്തെ സ്വതന്ത്രമാക്കാൻ മുന്നിൽ നിന്ന മഹാന്മാരുടെ പേരുകൾ സുവർണ്ണ ലിപികളാൽ ഇന്ത്യൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ആഗസ്ത് 15 എന്ന മഹത്തായ ദിനത്തിൽ ഇന്ത്യയുടെ ഇന്നലകളെ ഓർത്ത് അഭിമാനം കൊള്ളുന്നവരാണ് ഓരോ ഇന്ത്യൻ പൗരനും.

കോഴിക്കോടിന് അടുത്തുള്ള കാപ്പാട് കടല്‍തീരത്ത് പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ 1498 ല്‍ കപ്പലിറങ്ങിയതോടെയാണ് ഇന്ത്യയില്‍ വിദേശാധിപത്യത്തിന് തുടക്കം കുറിക്കുന്നത്. 1757ല്‍ പ്ലാസ്സി യുദ്ധത്തില്‍ ബ്രീട്ടിഷ് സൈന്യം ബംഗാള്‍ നവാബിനെ പരാജയപ്പെടുത്തിയതോടെ ഇന്ത്യയ്ക്ക് മേല്‍ അധീശത്വം സ്ഥാപിച്ചു. ഈ യുദ്ധമാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയില്‍ ശക്തമാവുന്നതിനു കാരണമായത്.

എല്ലാ വർഷവും ആഗസ്റ്റ് 15ന് രാജ്യമെങ്ങും ത്രിവർണ പതാക വാനോളം ഉയര്‍ത്തുമ്പോള്‍ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍ത്തികളെല്ലാം മറന്ന് ഓരോ ഭാരതീയനും അഭിമാനത്തിന്റെ കൊടുമുടിയിലെത്തും. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരെപോലും മുട്ടുമടക്കിച്ച, നിശ്ചയദാര്‍ഢ്യത്തോടെ, ആത്മബലത്തോടെ പോരാടിയ പൂര്‍വികരുടെ കഥകള്‍ പുതുതലമുറക്കാര്‍ക്കായി വീണ്ടും വീണ്ടും മടുപ്പില്ലാതെ പറയും, പാടും…
