

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്നതിന് പിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ച് പോസ്റ്റിട്ട നേതാക്കൾക്കെതിരെ സി.പി.എം നടപടി സ്വീകരിച്ചു. ഇരവിപേരൂർ ഏരിയ കമ്മിറ്റിയംഗം എൻ രാജീവിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി, വള്ളംകുളം ലോക്കൽ കമ്മിറ്റിയിൽ നിലനിർത്തി. ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസനെ പാർട്ടിയിൽ നിന്ന് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
‘കൊടുത്താൽ എവിടെ വേണമെങ്കിലും കിട്ടും’ എന്നായിരുന്നു രാജീവന്റെ പോസ്റ്റ്. ‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എം.എൽ.എ ആയി ഇരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല.. പറയിപ്പിക്കരുത്..’ എന്നാണ് ജോൺസൺ ഫേസ്ബുക്കിൽ കുറിച്ചത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി നിർദ്ദേശ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചത്

തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ചത്.
രക്ഷാപ്രവർത്തനം വൈകിയതിനാൽ 2 മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ കണ്ടെത്താനായത്.
ആളുകൾ ഉപയോഗിക്കാത്ത കെട്ടിടമാണ് ഇടിഞ്ഞു വീണതെന്നും കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നും സ്ഥലത്തെത്തിയ ഉടൻ മന്ത്രിമാരായ വി.എൻ വാസവനും വീണ ജോർജും പറഞ്ഞിരുന്നു ഇത് വലിയ വിവാദമായിരുന്നു.
രക്ഷാപ്രവർത്തനം വൈകാൻ മന്ത്രിമാരുടെ പ്രസ്താവന കാരണമായെന്നും ആരോപണമുയർന്നു. ഈ സാഹചര്യത്തിലാണ് നേതാക്കൾ ഉൾപ്പെടെ നിരവധി സിപിഎം പ്രവർത്തകർ ആരോഗ്യമന്ത്രി വീണയെ വിമർശിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചത്

