

3 മാസത്തിനിടെ തന്നെ ഇരുന്നൂറോളം പുരുഷന്മാര് ലൈംഗികമായി പീഡിപ്പിച്ചതായി 14 കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ബംഗ്ലാദേശുകാരിയായ പെണ്‍കുട്ടിയാണ് പൊലീസിന് മൊഴി നല്‍കിയത്. മഹാരാഷ്ട്രയില്‍ സെക്സ് റാക്കറ്റില്‍ നിന്ന് പൊലീസ് രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് 14 കാരി നടന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്. പത്തോളം പേര് അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.

പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിന് ഹോർമോണുകള്‍ കുത്തിവെച്ചതായും ലഹരി മരുന്ന് നല്കി ലൈംഗിക വൃത്തിക്ക് നിര്ബന്ധിച്ചതതായും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ സ്ത്രീകളാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബംഗ്ലദേശില്‍ നിന്ന ഇന്ത്യയിലേക്ക് കടത്തിയത്. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പരിചയക്കാരിയാണെന്നും റിപ്പോര്‍ട്ടുണ്ട്. പരീക്ഷയില്‍ തോറ്റതിനെ തുടർന്ന് പെൺകുട്ടി ഒളിച്ചോടുകയായിരുന്നു. തുടർന്നാണ് സെക്സ് റാക്കറ്റിന്റെ കയ്യിൽ അകപ്പെട്ടത്. ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ലൈംഗിക പീഡനത്തിന് ഇരയായതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ജുവനൈൽ ഹോമില്‍ പാര്‍പ്പിച്ച പെണ്‍കുട്ടിയുടെ മൊഴി പോലീസ് കൂടുതല്‍ പരിശോധിച്ചു വരികയാണ്.

