
ധർമസ്ഥല: ശുചീകരണ തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നത് കണ്ടുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിനു മുമ്പാകെ പ്രദേശത്തെ താമസക്കാരിയായ സ്ത്രീ മൊഴി നൽകിയത്. ബോളിയാർ വനമേഖലയോട് ചേർന്നാണ് മൃതദേഹം കുഴിച്ചിടുന്നത് കണ്ടത്. കുഴിച്ചിട്ട ശേഷം ശുചീകരണത്തൊഴിലാളി തന്റെ വീട്ടിലെത്തി വെള്ളംകുടിക്കുകയൂം കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകി വൃത്തിയാക്കിയെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു.

1998നും 2014-നും ഇടയിൽ ധർമസ്ഥലയിൽ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ സംസ്കരിക്കാൻ ധർമസ്ഥലയിലെ മഞ്ചുനാഥ ക്ഷേത്രത്തിലെ മുൻ ശുചീകരണത്തൊഴിലാളി നിർബന്ധിതനായിരുന്നുവെന്നാണ് ദക്ഷിണ കന്നഡ പൊലീസിന് മൊഴി നൽകിയത്. സംഭവം നടന്ന് ഒരു പതിറ്റാണ്ടിനുശേഷമുളള ഈ തുറന്നുപറച്ചിൽ കുറ്റബോധം താങ്ങാൻ കഴിയാതെയാണെന്നും ക്രൂരമായി കൊലചെയ്യപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ പിന്നീട് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ശുചീകരണത്തൊഴിലാളി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്പോട്ടുകളായി തിരിച്ച് പ്രദേശത്ത് പരിശോധന തുടരുകയാണ്. ഇതിനിടെ ചില ഇടങ്ങളിൽ നിന്നും രേഖകൾ, വസ്ത്രം, അസ്ഥിഭാഗങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു.

