

സിനിമാ കോൺക്ലേവിൽ ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നും അവർ സിനിമ പഠിക്കണമെന്നാണ് പറഞ്ഞതെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.താൻ പറഞ്ഞതിൽ തെറ്റില്ല, വ്യാഖ്യാനിച്ചെടുത്തതിന് താൻ ഉത്തരവാദിയല്ലെന്നാണ് അടൂര്‍ പറയുന്നത്.
”ഞാൻ പറഞ്ഞത് നിങ്ങളുടെ കയ്യിലുണ്ട്. ദളിതരെയോ സ്ത്രീകളെയോ ഞാന്‍ മോശമായി പറഞ്ഞോ? പറഞ്ഞെങ്കില്‍ പരമാവധി ക്ഷമാപണം നടത്താം. അവർക്ക് ട്രെയിനിംഗ് കൊടുക്കണമെന്നാണ് പറഞ്ഞത്. സിനിമയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേപ്പറ്റി പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാൻ. യാതൊരു മുൻ പരിചയവുമില്ലാത്തവർക്കാണ് സിനിമയെടുക്കാൻ സർക്കാൻ സഹായം നൽകുന്നത്. അവർക്ക് 3 മാസത്തെ ഓറിയന്റേഷൻ വേണമെന്നാണ് ഞാൻ പറഞ്ഞത്” അടൂര്‍ വിശദീകരിച്ചു

”സർക്കാർ ഫണ്ട് ചെയ്ത് ഇറക്കുന്ന സിനിമകൾക്ക് സാമൂഹ്യ പ്രാധാന്യം വേണം. അവർ സിനിമയെ പഠിക്കണം. പ്രത്യേകിച്ച് സ്ത്രീകളും എസ് സി, എസ് ടി വിഭാഗക്കാരും ഈ രംഗത്ത് തുടർന്നും ഉണ്ടാകണം. അവരുടെ ഉന്നമനം എൻ്റെയും ലക്ഷ്യമാണ്. സിനിമ എടുക്കണമെങ്കിൽ ആഗ്രഹം മാത്രം പോരാ, അതിനെക്കുറിച്ച് പഠിക്കണം. പടമെടുത്ത പലരും എന്നെ വന്നു കണ്ടിട്ടുണ്ട്, അവരുടെ പടം പലതും ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അവർക്ക് ട്രെയിനിംഗ് വേണമെന്ന് ഞാൻ പറഞ്ഞത്. സർക്കാർ കാശുകൊടുക്കുന്നത് അവർക്കിടയിൽ നിന്ന് നല്ല സിനിമകൾ വരണം എന്നുള്ളതുകൊണ്ടാണ്”

തന്റെ പരാമർശത്തിനെതിരെ വേദിയിൽ പ്രതിഷേധിച്ച സംഗീത നാടക അക്കാദമി ഉപാധ്യക്ഷ പുഷ്പവതി പൊയ്പാടത്തിനെയും അടൂര്‍ വിമർശിച്ചു. ‘സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കുട്ടിയാണ് എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചത്. അവർ അവിടെ എങ്ങനെ വന്നു എന്നറിയില്ല. സംഗീതനാടക അക്കാദമിക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. ഞാൻ പറഞ്ഞതെന്താണ് മനസിലാക്കിയിട്ടുവേണം പ്രതിഷേധിക്കാൻ. ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് അവരങ്ങനെ ചെയ്തത്. ഇന്നത്തെ പത്രത്തിലെല്ലാം അവരുടെ പടമില്ലേ. അതിൽ കൂടുതൽ അവർക്കെന്താ വേണ്ടത്?”
അടൂര്‍ വിമര്‍ശിച്ചു
