

കൊച്ചി: 2017ൽ കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപ് അടക്കമുള്ളവരാണ് പ്രതികള്‍. ജയിലിലായിരുന്ന ദിലീപും ഒന്നാം പ്രതിയായ പൾസർ സുനിയും ഇപ്പോൾ ജാമ്യത്തിലാണ്. കേസില്‍ നിലവിൽ പ്രോസിക്യൂഷൻ വാദമാണ് തുടരുന്നത്. വാദത്തിനിടെ കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളിലെ മറുപടി അറിയിക്കാൻ പ്രതിഭാഗത്തിന്റെ വാദവും കോടതിയിൽ നടക്കും. കേസിൻ്റെ വിചാരണ അന്തിമ ഘട്ടത്തിലെത്തിയതിനാൽ ഇരു വിഭാഗത്തിൻ്റെയും വാദങ്ങൾ പൂർത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ഹർജി നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. 2024 സെപ്റ്റംബറിലാണ് കർശന വ്യവസ്ഥകളോടെ പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യൂ മാറിയ സംഭവം അന്വേഷിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു. വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിരുന്നു

