

കോഴിക്കോട് : പശുക്കടവിൽ പശുവിനെയും വീട്ടമ്മയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം വൈദ്യുതാഘാതമേറ്റതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . കുറ്റ്യാടി മരുതോങ്കര കോങ്ങാട് സ്വദേശി ചൂളപറമ്പില്‍ ഷിജുവിന്റെ ഭാര്യ ബോബിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മേയാൻ വിട്ട വളർത്തു പശു തിരികെ എത്താഞ്ഞതിനെ തുടർന്ന് അന്വേഷിച്ച് ഇറങ്ങിയതായിരുന്നു ബോബി. സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാൽ പൊലീസും ഫയർഫോഴ്സും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. വനാതിർത്തിയോട് ചേർന്ന കൊക്കോ തോട്ടത്തിൽ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു. ബോബിയുടെ ശരീരത്തിലും പശുവിന്റെ ജഡത്തിലും കാര്യമായ പരുക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല.

തിരച്ചിലിൽ പരിസരത്ത് നിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന സാധനങ്ങളും പിവിസി പൈപ്പിന്റെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊക്കോ മരത്തിൽ വൈദ്യുതി കമ്പി കുടുക്കാൻ സജ്ജീകരണം നടത്തിയതായും സൂചനകളുണ്ട്.
മൃതദേഹം കിടന്നതിന് സമീപത്ത് കൂടെ വൈദ്യുതി ലൈൻ
കടന്നു പോകുന്നുമുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് അംഗം ബാബുരാജ് ആരോപിച്ചു

