

ജാമ്യം ലഭിച്ചതിന് പിന്നാലെ മലയാളി കന്യാസ്ത്രീകള്‍ ജയിൽ മോചിതരായി. ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവർക്കും ബിലാസ്പുർ എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ഉദയഗിരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, എറണാകുളം അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് 9 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം ലഭിച്ചത്. എം എൽ എ മാരായ റോജി എം ജോൺ, ചാണ്ടി ഉമ്മൻ, രാജ്യ സഭാ എം പി മാരായ ജോൺ ബ്രിട്ടാസ്, സന്തോഷ് കുമാർ, ജോസ് കെ മാണി, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര ശേഖർ, തുടങ്ങിയവർ ചേർന്ന് ജയിൽ മോചിതരായ കന്യാസ്ത്രീകളെ സ്വീകരിച്ചു.

അതെ സമയം ഛത്തീസ്ഗഡില്‍ അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകള്‍ക്കെതിരെ മനുഷ്യക്കടത്തിന് തെളിവില്ലെന്ന് കോടതി. പെണ്‍കുട്ടികള്‍ പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും കന്യാസ്ത്രീകളുടെ കസ്റ്റഡി തുടരാന്‍ മതിയായ കാരണങ്ങളില്ലെന്നും വിധി പകര്‍പ്പില്‍ പറയുന്നു. കുറ്റകൃത്യം ചെയ്തിട്ടുണ്ടോയെന്ന സംശയം കൊണ്ടാണ് കേസെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ക്ക് മുന്‍കാല കുറ്റകൃത്യ പശ്ചാത്തലമില്ല. ക്രിമിനല്‍ സ്വഭാവം ഉള്ളവരല്ല കന്യാസ്ത്രീകള്‍ എന്നും കോടതി നിരീക്ഷിച്ചു.

50,000 രൂപയുടെ രണ്ട് ആള് ജാമ്യം, പാസ്പോര്‍ട്ടും കോടതിയില്‍ കെട്ടിവെക്കണം തുടങ്ങിയ ഉപാധികൾ പ്രകാരമാണ് ജാമ്യം.. വിധിയില്‍ സന്തോഷമെന്നും എല്ലാവര്ക്കും നന്ദി എന്നും സിസ്റ്റര്‍ വന്ദനയുടെ സഹോദരന് ചെറിയാന് പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും ഇടപെട്ടു. അവസാന നിമിഷം വരെ ആശങ്കയുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം കൊടുത്താല്‍ കന്യാസ്ത്രീകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം തുടരുമെന്നുമാണ് കഴിഞ്ഞ ദിവസം പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചത്. കേസ് നീട്ടികൊണ്ടു പോകാനാണോ കസ്റ്റഡി ആവശ്യപ്പെടാത്തതെന്ന് കോടതി ചോദിച്ചെങ്കിലും പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഛത്തീസ്ഗഡ് സര്‍ക്കാരിനെ കൂടാതെ ബജ്രംഗ്ദളിന്റെ അഭിഭാഷകരും കന്യാസ്ത്രീകളുടെ ജാമ്യത്തെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തിരുന്നു.
