

കൊച്ചി; കോതമംഗലം മാതിരപ്പള്ളി സ്വദേശി അന്‍സിലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജൂലൈ 30നാണ് അന്‍സിലിനെ ആശുപത്രിയില്‍ എത്തിച്ചത്. പെണ് സുഹൃത്ത് വീട്ടില്‍ വിളിച്ചു വരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ അന്‍സില്‍ പറഞ്ഞെന്നാണ് സുഹൃത്ത് വ്യക്തമാക്കുന്നത്. സുഹൃത്ത് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചേലാട് സ്വദേശിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അന്‍സില്‍ വിവാഹിതനാണ്. അന്‍സിലും യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും അന്‍സിലിനെ ഒഴിവാക്കാന്‍ യുവതി വിഷം നല്‍കിയെന്നുമാണ് ആരോപണം. അന്‍സില്‍ വീട്ടില്‍ വെച്ച് വഴക്കുണ്ടാക്കിയെന്ന് രാത്രി യുവതി അന്‍സിലിന്റെ ഭാര്യയെ ഫോണ്‍ ചെയ്ത് അറിയിച്ചതായും വിവരമുണ്ട്. യുവതിയുമായി ഇയാൾക്ക് സാമ്പത്തിക ഇടപാടുണ്ട്. തന്നെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഒരു വര്‍ഷം മുന്‍പ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ കേസ് പിന്നീട് ഒത്തുതീര്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. പൊലീസെത്തിയാണ് അന്‍സിലിനെ ആദ്യം കോതമംഗലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യആശുപത്രിയിലും കൊണ്ടു പോയത്
