

കണ്ണൂർ : മത പരിവർത്തന നിയമങ്ങൾ ന്യൂന പക്ഷങ്ങളെ വേട്ടയാടാൻ ബോധപൂർവം നിർമ്മിക്കപ്പെട്ട നിയമമാണെന്ന് ആർച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റിൽ പ്രതിഷേധിച്ച് തലശ്ശേരി , കണ്ണൂർ , കോട്ടയം , രൂപതകളുടെയും മറ്റ് ക്രൈസ്തവ സഭകളുടെയും ആഭിമുഖ്യത്തിൽ കണ്ണൂരിൽ നടന്ന പ്രതിഷേധാഗ്നി ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവസ്ത്രം ധരിച്ചവരുടെ കരുണത്തടിക്കുന്നതും പോലീസ് സ്റ്റേഷനിൽ കയറ്റി അവരെ ചോദ്യചെയ്യനുണ്ടായ സാഹചര്യം സൃഷ്ടിക്കുന്നതും സാമൂഹ്യ വിരുദ്ധരാണ് . കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്താൽ എന്തൊക്കെ ചെയ്യണമെന്ന് കൽപ്പിക്കുന്നതും ഈ സാമൂഹ്യ വിരുദ്ധ സംഘടനകളാണ് . ഏതൊക്കെ വകുപ്പുകൾ അവർക്ക് എതിരെ ചാർത്തണമെന്ന് തിട്ടൂരമിറക്കുന്നതും ഈ സംഘടനകൾ തന്നെയാണെന്നും പാംപ്ലാനി പറഞ്ഞു .

നാം കടന്ന് പോകുന്നത് എത്രയോ വന്യമായ നിയമ വ്യവസ്ഥിതി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലൂടെയാണ് . 2 സഹോദരങ്ങളെ സ്വീകരിക്കാൻ കന്യാസ്ത്രീ അമ്മമാർ പോകുന്നത് എങ്ങനെയാണ് കുറ്റകരമാകുന്നത് . ഈ രാജ്യത്തിലുള്ള എല്ലാ പൗരന്മാർക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഇവിടത്തെ ന്യൂന പക്ഷങ്ങൾക്കും ഉണ്ടെന്നുള്ളത് മറക്കരുതെന്നും പാംപ്ലാനി.

ഞങ്ങൾ തെരുവിൽ ഇറങ്ങുന്നതിനെ അധിക്ഷേപിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം പ്രസ്ഥാനങ്ങളുടെ വക്താക്കൾ ശക്തിപ്പെടുന്നുണ്ട് . ക്രൈസ്തവ നേതാക്കളും നിക്ഷിപ്ത താല്പര്യ ക്രൈസ്തവ സംഘടനകളും ഇതിനു പിന്തുണ കൊടുത്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ ദയനീയതയാണ് തോന്നുന്നത് . ഇരിക്കുന്ന കൂട്ടിൽ കാഷ്ഠിക്കുന്ന പക്ഷികൾ ആകുന്നത് അങ്ങേയറ്റം ലജ്ജാവഹം ആണെന്നും പാംപ്ലാനി കൂട്ടിച്ചേർത്തു
