

കണ്ണൂര്‍ : ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ
കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ പൊലീസിന്റെ സാന്നിധ്യത്തിൽ മദ്യപിച്ച കുറ്റത്തിനാണ് ജില്ലാ പൊലീസ് ആസ്ഥാനത്തെ 3 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എ ആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വൈശാഖ് , വിനീഷ് , ജിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഉച്ച ഭക്ഷണം കഴിക്കാൻ പ്രതികളുമായി കോടതിക്കു സമീപത്തെ ഹോട്ടലിലാണ് കയറിയത്. പ്രതികളുടെ സുഹൃത്തുക്കൾ ഇവിടെയെത്തുകയും പൊലീസിന്റെ സാന്നിധ്യത്തിൽ കൊടി സുനിയും മറ്റുള്ളവരും മദ്യപിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിനു വീഴ്ച സംഭവിച്ചെന്നു കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് പോലീസുകാര്‍ക്കെതിരെ നടപടി.

മദ്യപിച്ച സംഭവം പുറത്തറിയാതിരുന്നതിനാൽ, ജൂലൈ 21നാണ് കൊടി സുനിക്ക് 15 ദിവസത്തെ അടിയന്തര പരോൾ അനുവദിച്ചത്.പരോൾ സമയത്ത് മീനങ്ങാടി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു. എന്നാല്‍ സ്റ്റേഷനിൽ ഹാജരാകാതെ വിവിധ ജില്ലകളിൽ സഞ്ചരിച്ചതായും ഇതര സംസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ചതായും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മീനങ്ങാടി സിഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. സുനിയെ ഇന്നലെ രാത്രി വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു
