

കന്യാസ്ത്രീകളെ രാജ്യദ്രോഹികളാക്കുന്നത് കാലം മാപ്പു തരാത്ത കാപാലികത്വമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് നടത്തിയ പ്രതിഷേധം പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്.

സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന കാട്ടാളത്തം ഇന്ത്യയിൽ നടക്കില്ല. ഓലപ്പാപ്പ് കാണിച്ച് പേടിപ്പിക്കേണ്ട. രാജ്യത്തിൻ്റെ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണ്. ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന നാടകം അവസാനിപ്പിക്കണം.
ഈ രാജ്യത്ത് ഭരണഘടനയ്ക്ക് മൂല്യമുണ്ടോ? രാജ്യത്ത് ഭരണഘടന പശു തിന്ന് പോകുന്ന ഗതികേടിലാണെന്നും പാംപ്ലാനി കുറ്റപ്പെടുത്തി.

ആലക്കോട് കരുവന്‍ചാലില്‍ നടന്ന പരിപാടിയില്‍ റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ അധ്യക്ഷനായി.
