

ധർമസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്തെന്ന് പറയുന്ന 13 ഇടങ്ങളാണ് ഇന്നലെ ശുചീകരണ തൊഴിലാളി പ്രത്യേകാന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. ഈ സ്പോട്ടുകളില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ജിയോ ടാഗിംഗ് നടത്തിയിട്ടുണ്ട്. കുഴിച്ച് പരിശോധന നടത്താനുള്ള നടപടി ഇന്ന് തന്നെ ഉണ്ടാകും. ഇതിനായി പഞ്ചായത്തിൽ നിന്ന് കുഴിയെടുക്കാൻ ആളുകളെ എത്തിക്കാൻ എസ്ഐടി നിർദേശം നൽകിയിട്ടുണ്ട്. ബെൽത്തങ്കടി, ധർമശാല സ്റ്റേഷനുകൾ ഇതിനകം ഒരു പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.1980 മുതൽ റിപ്പോർട്ട് ചെയ്ത എല്ലാ ദുരൂഹ മരണങ്ങളുടെയും ആത്മഹത്യ, കാണാതായവർ എന്നിവരുടെയും ലിസ്റ്റുകൾ തയ്യാറാക്കിയതായി എസ്ഐടി അധികൃതർ അറിയിച്ചു. അതേസമയം ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ച് ധർമസ്ഥല പഞ്ചായത്ത്
രംഗത്തെത്തി. മൃതദേഹം മറവ് ചെയ്തെന്ന് ശുചീകരണത്തൊഴിലാളി കാണിച്ച് കൊടുത്ത ഇടങ്ങളിൽ ആത്മഹത്യ ചെയ്തവരെയോ അജ്ഞാത മൃതദേഹങ്ങളോ കുഴിച്ചിട്ട സ്ഥലങ്ങളാകാമെന്നാണ് ധർമസ്ഥല പഞ്ചായത്ത് പറയുന്നത്. പണ്ട് പിഎച്ച്സിയിലെ ഡോക്ടർ വന്ന് പരിശോധിച്ച് അവിടെ തന്നെ കുഴിച്ചിടാറാണ് പതിവെന്നാണ് മുടന്തന്‍ വാദം. ഇതിന് കൃത്യം രേഖകളുണ്ടെന്നും എസ്ഐടിക്ക് കൈമാറാൻ തയ്യാറാണെന്നും പഞ്ചായത്ത് അധികൃതര്‍ കൂട്ടിച്ചേർത്തു.

അതേസമയം, പരിശോധനയുമായി അന്വേഷണ സംഘം മുന്നോട്ട് പോകുകയാണ്. ഒരു മൃതദേഹാവശിഷ്ടം എങ്കിലും കൃത്യമായി കണ്ടെത്താതെ ഒരു നിഗമനത്തിനും ഇല്ലെന്ന് എസ്ഐടി പ്രതികരിച്ചു. മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ സർക്കാരിന് കീഴിലും വനം വകുപ്പിന് കീഴിലുമുള്ള സ്ഥലങ്ങളുണ്ട്. അതേ സമയം ധർമസ്ഥല ട്രസ്റ്റിന് കീഴിലോ മറ്റ് സ്വകാര്യ വ്യക്തികളുടെ പേരിലോ ഉള്ള ഭൂമിയിൽ പരിശോധന നടത്തുന്നതിന് അന്വേഷണ സംഘത്തിന് കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടി വരും

