

കൊച്ചി : എബ്രിഡ് ഷൈനിൻ്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായ ‘മഹാവീര്യർ’ ചിത്രത്തിൻ്റെ സഹനിർമാതാവ് പി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ വഞ്ചനാക്കുറ്റത്തിന് പരാതി നൽകിയത്. ഇയാളിൽ നിന്ന് പണം വാങ്ങിയ കാര്യം മറച്ചു വെച്ച് ‘ആക്ഷൻ ഹീറോ ബിജു 2’-വിന്റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്ന പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. 406,420,34 വകുപ്പുകൾ ചുമത്തിയാണ് തലയോലപ്പറമ്പ് പോലീസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടായിരിക്കും ഇരുവർക്കും നോട്ടീസ് നൽകുക

‘മഹാവീര്യർ’ സിനിമയുടെ പരാജയത്തെ തുടർന്ന് നിവിൻ പോളി 95 ലക്ഷം രൂപ പി.എസ്. ഷംനാസിന് നൽകാമെന്നും എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ‘ആക്ഷൻ ഹീറോ ബിജു 2’-വിന്റെ നിർമാണ പങ്കാളിത്തം നൽകാമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2024 ഏപ്രിൽ മാസത്തിൽ സിനിമ നിർമാണത്തിനായി 1.9 കോടി പി.എസ്. ഷംനാസ് കൈമാറുകയും ചെയ്തു. പിന്നീട് സിനിമയുടെ ടൈറ്റിൽ കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന് കത്ത് നൽകിയതിനുശേഷം എബ്രിഡ് ഷൈനിൻ്റെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിന്നും പി.എസ്. ഷംനാസിന്റെ മൂവി മേക്കേഴ്സ് ബാനറിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ സിനിമയുടെ ബജറ്റ് സംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഷംനാസിനെ മറച്ചു വെച്ചുകൊണ്ട് മുൻ കരാർ കാണിച്ച് ദുബായിൽ പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിക്ക് സിനിമയുടെ വിതരണ അവകാശം കൈമാറിയെന്നാണ് പരാതി. ദുബായ് ആസ്ഥാനമാക്കിയുള്ള കമ്പനിയിൽനിന്ന് നിവിൻ പോളിയുടെ നിർമാണ കമ്പനിയായ പോളി ജൂനിയേഴ്സിന് അവകാശമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ചു കോടി രൂപയുടെ വിതരണാവകാശം ഉറപ്പിക്കുകയും രണ്ടു കോടി രൂപ അഡ്വാൻസായി കൈപ്പറ്റുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു

