

കണ്ണൂര്‍; സൗമ്യ വധക്കേസിലെ കൊടും ക്രൂരനായ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി 10 മണിക്കൂറോളം കഴിഞ്ഞാണ് പിടിയിലാവുന്നത്. രക്ഷപ്പെട്ട സെൻട്രൽ ജയിലില്‍ നിന്ന് രണ്ട് കിലോമീറ്റർ അകലെ നിന്നാണ് പൊലീസ് സാഹസികമായി കീഴടക്കിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ 10.30ഓടെ പിടികൂടിയത്. ശേഷം ടൗൺ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കിണറിൽ നിന്ന് പിടികൂടി ജീപ്പിലേക്ക് കയറ്റുന്നതിനിടെ
ഗോവിന്ദച്ചാമിയെ നാട്ടുകാർ കൈകാര്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്.

ഇന്ന് പുലർച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയിൽചാടിയത്. അതീവ സുരക്ഷാ ജയിലിൻ്റെ സെല്ലിൻ്റെ കമ്പികൾ മുറിച്ചു മാറ്റിയാണ് പുറത്തേക്ക് കടന്നത്. തുടര്‍ന്ന് ക്വാറൻ്റെൻ ബ്ലോക്ക് വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിൻ്റെ വശത്തേക്ക് പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മതിലിൻ്റെ മുകളിൽ ഇരുമ്പ് കമ്പി വെച്ചുള്ള ഫെൻസിംഗ് ഉണ്ട്. ഈ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് വിവരം. പുലർച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടതായി മനസ്സിലാക്കുന്നത് ജയിലിന് അകത്ത് നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചതായാണ് സൂചന. ഗോവിന്ദച്ചാമി ജയില്‍ ചാടുമ്പോള്‍ മതിലിലെ ഫെൻസിംഗിൽ വൈദ്യുതി ഇല്ലായിരുന്നു. ജയിൽ മേധാവി ഇന്ന് ജയിൽ സന്ദർശിക്കാനിരിക്കെയാണ് ജയില്‍ ചാട്ടം. സംഭവിച്ചത് വന്‍ സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍
