

കണ്ണൂര്‍; ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള ആസൂത്രണം തുടങ്ങിയിട്ട് മാസങ്ങളായെന്ന് കണ്ടെത്തല്‍. സഹ തടവുകാരനായ തമിഴ്നാട് സ്വദേശിയും ഒപ്പം ചാടാൻ പദ്ധതിയിട്ടിരുന്നു. കമ്പിക്കുള്ളിലൂടെ പുറത്ത് കടക്കാന്‍ കഴിയാത്തതിനാൽ ജയില്‍ ചാടാന്‍ കഴിഞ്ഞില്ലെന്ന് ഈ തടവുകാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജനലഴി മുറിക്കാനുള്ള ബ്ലെയ്ഡ് ലഭിച്ചത് ജയിൽ അടുക്കളയില്‍ ജോലിക്ക് പോയ അന്തേവാസിയില്‍ നിന്നാണെന്നും വെളിപ്പെടുത്തലുണ്ട്.
അതിനിടെ രാവിലത്തെ ജയിലിലെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ട ശേഷമാത്രമാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്.

ഗോവിന്ദ ചാമി സെല്ലിന്റെ കമ്പികൾ നേരത്തെ മുറിച്ച് തുടങ്ങിയിരുന്നു. ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ കമ്പിയിൽ നൂൽ കെട്ടിവെച്ചു. സെല്ലിലെ താഴത്തെ രണ്ട് കമ്പികള്‍ മുറിച്ചാണ് ഇയാള്‍ പുറത്തു കടന്നത്. ജയിലില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ അവിടെ നിന്നും ഹാക്സോ ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കുറച്ച് കുറച്ചായി കമ്പികള്‍ മുറിക്കാനുളള ശ്രമം നടത്തുകയായിരുന്നു. കൂടാതെ ജയിൽ മോചിതരായാവരുടെ തുണികൾ ശേഖരിച്ചു വെച്ചു. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. തുടർന്ന് പ്ലാസ്റ്റിക് ഡ്രമ്മിന്റെ മുകളിൽ കയറി ഫെൻസിങ്ങിന്റെ തൂണിൽ കുടുക്കിടുകയായിരുന്നു

അതേ സമയം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടി വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് പുറത്തു വരുന്നത്. ഒരു കൊടും ക്രിമിനലിന് താടി നീട്ടി വളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം എന്നാണ് ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യവും ഉയരുകയാണ്
ജയിൽ ചാട്ടത്തിനായി പ്രത്യേക ഡയറ്റാണ് ഗോവിന്ദച്ചാമി പിന്തുടർന്നത്. അരി ഭക്ഷണം ഒഴിവാക്കി ശരീര ഭാരം കുറച്ചു. മാസങ്ങളായി വ്യായാമം ചെയ്തു. ഡോക്ടറുടെ അടുത്തു നിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം പകുതിയായി കുറച്ചു. ഇത്രയും ആസൂത്രിതമായാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണ്
