തിരുവനന്തപുരം:
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനുമായ
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു. 102 ാം വയസ്സിലാണ് അന്ത്യം.
സി.പി.എമ്മിൻ്റെ രൂപീകരണത്തിൽ പങ്കാളിയായവരിൽ ജീവനോടെ ഉണ്ടായിരുന്നവരിൽ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്.
വാർധക്യ സഹജമായ അവശതകളുള്ള വിഎസിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ജൂൺ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ്
അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുൺകുമാറും വി.വി. ആശയും മരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും എസ്.യു.ടി. ആശുപത്രിയിൽ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു
ഭൗതിക ശരീരം
ഇന്ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍. തുടര്‍ന്ന് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനം. വൈകീട്ട് ആലപ്പുഴയിൽ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കാരം നടക്കും. പാർട്ടി പതാകകൾ താഴ്ത്തിക്കെട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നിർവേശം നൽകി
2006 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്നു. 3 തവണയായി 15 വർഷം പ്രതിപക്ഷ നേതാവായിരുന്നു. 3 തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതൽ 2009 വരെ പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരിൽ പിണറായി വിജയനൊപ്പം പി.ബിയിൽ നിന്ന് തരംതാഴ്ത്തപ്പെട്ടു. 1980 മുതൽ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു.
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 2016 മുതൽ 21 വരെ ഭരണപരിഷ്കാര കമ്മീഷൻ്റെ ചെയർമാനായി പ്രവർത്തിച്ചു
കേരളത്തിലെ എറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. 1964ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ ഒരാളാണ്. പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടപെടലുകളിലൂടെ ജനകീയനായി. പക്ഷാഘാതം സംഭവിച്ചതോടെ 2020ൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിച്ചു