വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി; വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന് ദാരുണാന്ത്യം. റോഡ് ഉപരോധിച്ചു

തൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ച യുവാവിന്റെ ദേഹത്ത് ബസ് കയറി ദാരുണാന്ത്യം. എൽതുരുത്ത് സ്വദേശി ആബേൽ ചാക്കോ പോൾ (24) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുന്നംകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ യുവാവ് ബൈക്ക് വെട്ടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ആബേൽ ബസ്സിന് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് – ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രതിഷേധക്കാർ ഏറെ നേരം വാഹനങ്ങൾ തടഞ്ഞു. പൊലീസ് സമരക്കാരെ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചതോടെ ഉന്തും തള്ളും ഉണ്ടായി. പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വിജിലൻസിനോട് അടിയന്തിര റിപ്പോർട്ട് തേടിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപാണ് തൃശൂർ എം.ജി റോഡിൽ സമാന രീതിയിലുള്ള അപകടത്തിൽ പൂങ്കുന്നം സ്വദേശിയായ യുവാവ് മരിച്ചത്