ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; അടിയന്തിരമായി 3 ലക്ഷം നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി, പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യും

 

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്. മാനേജ്‌മെന്റ് നടപടി എടുക്കാത്തപക്ഷം സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് സ്‌കൂള്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കും. 3 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണം.
ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നല്‍കുന്ന കാര്യം സ്‌കൂള്‍ മാനേജ്‌മെന്റ് പരിഗണിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു

നഷ്ടപ്പെട്ടത് കേരളത്തിന്റെ ഒരു മകനെയാണ്. ആ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് നടപടി സ്വീകരിക്കുക. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ വകുപ്പ് കൈമാറിയിരുന്നു. സ്ഥലസൗകര്യം ഉള്‍പ്പെടെയുള്ളവ പരിഗണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മുഖേന വീട് നിര്‍മിച്ചുകൊടുക്കും. മിഥുന്റെ അനിയന് 12-ാം ക്ലാസ് വരെ പരീക്ഷാ ഫീസ് ഉള്‍പ്പെടെയുള്ള ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പിഡി അക്കൗണ്ടില്‍നിന്ന് മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി 3 ലക്ഷം രൂപ നല്‍കും