ഗെറ്റ് ഔട്ട് ..!പ്രോട്ടോക്കോള്‍ ലംഘിച്ച് കാണാനെത്തിയ ഇന്ത്യന്‍ എം പിയെ വസതിയില്‍ നിന്ന് ഇറക്കിവിട്ട് ട്രംപ്

ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ യു.എസിലെത്തിയ ഇന്ത്യന്‍ സംഘത്തില്‍ അംഗമായ ബി.ജെ.പി. എം.പിയെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വസതിയില്‍നിന്ന് ഇറക്കി വിട്ടതായി റിപ്പോര്‍ട്ട്. പ്രോട്ടോക്കോള്‍ ലംഘിച്ച് കാണാനെത്തിയ യു.വ എംപിയോടാണ് ട്രംപ് ക്ഷോഭിച്ചത്. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ ശശി തരൂരിന്‍റെ നേതൃത്വത്തില്‍ യു.എസില്‍ എത്തിയ സംഘത്തില്‍ ബി.ജെ.പിയില്‍ നിന്ന് മൂന്ന് എം.പിമാരാണ് ഉണ്ടായിരുന്നത്. തേജസ്വി സൂര്യ, ശശാങ്ക് മണി ത്രിപാഠി, ഭുബനേശ്വര്‍ കലിത എന്നിവര്‍

ഇക്കൂട്ടത്തിലെ യുവ എം.പിയാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ പ്രോട്ടോക്കോള്‍ ലംഘിച്ച് ഡോണള്‍ഡ് ട്രംപിനെ കാണാന്‍ മാരാ ലോഗോ വസതിയില്‍ ചെന്നത്. യു.എസിലെ തന്‍റെ ഒരു സുഹൃത്ത് വഴിയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സുഹൃത്തിനൊപ്പം എത്തിയ എം.പിയോട് ട്രംപ് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ഇറങ്ങിപ്പോകാന്‍ പറയുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്

വിവരമറിഞ്ഞ് ഇന്ത്യന്‍ രാഷ്ട്രപതി ഭവന്‍ എം.പിയെ ശാസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതിന്‍റെ പേരിലും ഈ എംപി. വിവാദത്തിലായിരുന്നു.
സംഘത്തിലുണ്ടായിരുന്ന ശിവസേന അംഗവും വ്യവസായിയുമായ മിലിന്ദ് ദേവ്റ ട്രംപിന്‍റെ മക്കളായ ട്രംപ് ജൂനിയറിനെയും എറിക് ട്രംപിനെയും കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി. എം.പി ട്രംപിനെ കാണാന്‍ പോയതെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ ആരാണ് ഈ എം.പിയെന്നും എന്തു നടപടി സ്വീകരിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക് ഖര്‍ഗെ ആവശ്യപ്പെട്ടു