വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ അനിൽകുമാർ സർവകലാശാലാ ആസ്ഥാനത്തെത്തി; തടയണമെന്ന നിർദേശം അനുസരിക്കാതെ സുരക്ഷാ ഉദ്യോ​ഗസ്ഥർ

തിരുവനന്തപുരം: വിസിയുടെ ഉത്തരവ് വക വെക്കാതെ കേരള സർവകലാശാലയിലെത്തി റജിസ്ട്രാർ കെ എസ് അനിൽകുമാർ. മിനി കാപ്പന് റജിസ്ട്രാർ ചുമതല നൽകി വി സി മോഹൻ കുന്നുമ്മേൽ ഉത്തരവിറക്കിയിരുന്നു. അനിൽ കുമാർ എത്തിയാൽ തടയാനും സുരക്ഷ ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കെ.എസ്. അനില്‍ കുമാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നിയമപരമായ അംഗീകാരങ്ങൾ ഉണ്ടായിരിക്കില്ലെന്നും വിസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിലക്കുകളെയെല്ലാം മറികടന്നാണ് റജിസ്ട്രാർ അനിൽകുമാർ കേരള സർവകലാശാലയിലെത്തി ഓഫീസിൽ പ്രവേശിച്ചത്. വിസിയുടെ നിര്‍ദേശ പ്രകാരം റജിസ്ട്രാറെ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായുമില്ല നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അനിൽകുമാർ പറഞ്ഞു

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേർന്ന് വി സി, രജിസ്ട്രാർ സ്ഥാനത്ത് നിന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയിരുന്നു.
ഇതിനെ തുടര്‍ന്നാണ് അനിൽകുമാർ ഇന്ന് ഓഫീസിൽ പ്രവേശിച്ചത്.അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കിയ സിന്‍ഡിക്കേറ്റ് തീരുമാനത്തിന് വിസി എതിരാണ്. സംഭവത്തിൽ രാജ്ഭവൻ നിയമോപദേശം തേടിയിട്ടുണ്ട്. അതേ സമയം വി.സിയുടെ റിപ്പോർട്ടിൽ രാജ്ഭവൻ ഉടൻ നടപടി എടുക്കേണ്ടതില്ലെന്നും ചാൻസലർ ഇടപെടേണ്ട ഗൗരവതരമായ വിഷയം സർവകലാശാലയിൽ ഇല്ലെന്നുമാണ് രാജ്ഭവൻ്റെ വിലയിരുത്തൽ

അതിനിടെ അവധി ചോദിച്ച റജിസ്ട്രാർ അനിൽ കുമാറിനോട്, സസ്പെൻഷനിലായ റജിസ്ട്രാർക്ക് എന്തിനാണ് അവധി എന്നായിരുന്നു വിസി മോഹൻ കുന്നുമലിന്‍റെ ചോദ്യം. തന്‍റെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നായിരുന്നു റജിസ്റ്റാറുടെ മറുപടി. തന്‍റെ ചുമതല പരീക്ഷ കൺട്രോളർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സിൻഡിക്കേറ്റ് യോഗം നടന്നിട്ടില്ലെന്നും നടക്കാത്ത യോഗം എങ്ങനെയാണ് തീരുമാനം റദ്ദാക്കുക എന്നുമാണ് വിസിയുടെ നിലപാട്