സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്റെ ആത്മകഥ വിവാദ കേസിൽ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം ഈസ്റ്റ് പൊലീസാണ് കുറ്റപത്രം കോട്ടയം സിജെഎം കോടതിയിൽ സമർപ്പിച്ചത്. കേസിൽ ഡി സി ബുക്ക്സ് മുൻ എഡിറ്റർ എ വി ശ്രീകുമാറിനെ മാത്രം പ്രതി. വ്യാജ രേഖ ചമയ്ക്കൽ, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറുമാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പുസ്തകത്തിൻ്റെ ഭാഗങ്ങൾ പുറത്തുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.
വയനാട്- ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനമായിരുന്നു രാഷ്ട്രീയ ബോംബായി ഇ പിയുടെ ആത്മകഥാ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ഇത് തൻ്റെ ആത്മകഥയല്ലെന്ന് ഇ പി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്. ഡിസി ബുക്സിൻ്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ വി ശ്രീകുമാർ ആത്മകഥാഭാഗങ്ങൾ ചോർത്തിയെന്നാണ് ഡിജിപിക്ക് നൽകിയ പൊലീസ് റിപ്പോർട്ട്. ഇ പി ജയരാജനും ഡി സി ബുക്സും തമ്മിൽ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ രേഖാമൂലമുള്ള കരാർ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ചോർന്നത് ഡി സിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തുമ്പോഴും ഈ കഥാഭാഗങ്ങൾ എങ്ങനെ ഡിസിയിലെത്തി എന്നതിൽ ഇപ്പോഴും സംശയങ്ങൾ ബാക്കിയാണ്.