കടലില്‍ കാണാതായ 9 മത്സ്യത്തൊഴിലാളികളിൽ 4 പേർ സുരക്ഷിതര്‍. മറ്റ് 5 പേർക്കായി തെരച്ചിൽ ഊര്‍ജ്ജിതം

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് പോയി കാണാതായ 9 മത്സ്യത്തൊഴിലാളികളിൽ 4 പേർ സുരക്ഷിതര്‍.കാണാതായ മറ്റ് 5 പേർക്കായി തെരച്ചിൽ നടക്കുകയാണ്. വിഴിഞ്ഞത്ത് നിന്ന് മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്

സുരക്ഷിതരായവര്‍ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്തുണ്ടെന്നാണ് ഫോൺ സന്ദേശം ലഭിച്ചത്. തങ്ങൾ സുരക്ഷിതരാണെന്നും ബോട്ടിൽ ഇന്ധനം കുറവാണെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു. കനത്ത കാറ്റിലും കോളിലും കടലിൽ അകപ്പെട്ട് അവശരായ ഇവർക്ക് ആവശ്യമുള്ള ഭക്ഷണം എത്തിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ കടൽക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി. 2 വള്ളങ്ങളിലായാണ് 9 പേര്‍ മത്സ്യബന്ധനത്തിന് പോയത്.