കാസർഗോഡ്: കാഞ്ഞങ്ങാട് മുൻ സബ് കളക്ടർ പ്രതീക് ജെയ്നിന്റെ ഔദ്യോഗിക കസേരയിലാണ് ഐഎഎസ് ഉദ്യോഗസ്ഥ കൂടിയായ ഭാര്യ വന്ദന മീണ ഇരുന്നത്. വന്ദന മീണ തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. നിലവിൽ എസ്ഡിഎം പദവിയിലുള്ള ജോലിയാണ് ഇവർ ചെയ്യുന്നത്.
ജില്ലാ കളക്ടറുടെ ഔദ്യോഗിക കസേരയിൽ സംസ്ഥാന, കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് ഇരിക്കാൻ പ്രോട്ടോക്കോൾ അനുവാദം നൽകുന്നത്. നേരത്തെ മഹാരാഷ്ട്രയിൽ ബിജെപി എംപിയായിരുന്ന നാനാ പട്ടോലെ ജില്ലാ കളക്ടറുടെ ചേംബറിലെ ഔദ്യോഗിക കസേരയിലിരുന്ന സംഭവം വിവാദമായിരുന്നു
മെയ് 24ന് പ്രതീക് ജെയ്ൻ സബ് കളക്ടർ പദവിയൊഴിഞ്ഞിരുന്നു. ഗുജറാത്ത് കേഡറിലേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.
ഭർത്താവ് ചുമതലയൊഴിയുന്ന ദിവസം ഭാര്യ കാസർഗോഡ് എത്തിയിരുന്നു. ഇവിടെ നിന്നുള്ള മറ്റ് ചിത്രങ്ങളും വന്ദന മീണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ സജീവമായ വന്ദനയെ അര ലക്ഷത്തിലേറെ പേരാണ് പിന്തുടരുന്നത്. രാജസ്ഥാനിലെ സവായ് മാധോപൂർ സ്വദേശിയായ വന്ദന മീണയുമായി അടുത്തിടെയാണ് പ്രതീക് ജെയ്ന്റെ വിവാഹം കഴിഞ്ഞത്