വിരമിക്കാൻ 2 ദിവസം ബാക്കി; ഓഫീസിലേക്കുള്ള യാത്രാമധ്യേ എംപ്ലോയ്മെന്‍റ് ഓഫീസർ ബസ് തട്ടി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിന്റെ ഡോർ തട്ടി വീണ് ബസ് കയറി സര്‍ക്കാര്‍ ജീവനക്കാരിക്ക് ദാരുണാന്ത്യം. മണ്ണാ൪ക്കാട് എംപ്ലോയ്മെന്‍റ് ഓഫീസർ പത്തിരിപ്പാല മണ്ണൂർ സ്വദേശിനി പ്രസന്നകുമാരിയാണ് മരിച്ചത്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വീട്ടിൽ നിന്ന് ഓഫീസിലേക്ക് വരുന്ന
വഴിയാണ് അപകടത്തിൽപ്പെട്ടത്. മെയ്‌ 31ന് റിട്ടേയർമെന്റ് ചെയ്യാനിരിക്കെയാണ് പ്രസന്നകുമാരിയുടെ ജീവന്‍ റോഡില്‍ പൊലിഞ്ഞത്

റോഡ് മുറിച്ചു കടന്ന് ഓഫീസിലേക്ക് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു. റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും