വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കളെ ജയിലിലടച്ചത് 151 ദിവസം; പിടിച്ചത് കൽക്കണ്ടമെന്ന് തെളിഞ്ഞു

കാസർകോട്: വ്യാജ മയക്കുമരുന്ന് കേസിൽ യുവാക്കൾക്ക് 151 ദിവസത്തെ ജയിൽ വാസത്തിന് ശേഷം മോചനം. പൊലീസ് പിടികൂടിയത് മയക്കു മരുന്നല്ലെന്ന് തെളിഞ്ഞതോടെയാണിത്. കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യു, കണ്ണൂർ വാരം സ്വദേശി മണികണ്ഠൻ എന്നിവർക്കാണ് 151 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്. പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലിൽ അടച്ചത്. ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് പിടികൂടിയത് കൽക്കണ്ടമാണെന്ന് തെളിഞ്ഞത്.

2024 നവംബർ 26നാണ് കോഴിക്കോട് നിന്ന് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. പിന്നീട് നടക്കാവ് പൊലീസിന് കൈമാറി കേസെടുക്കുകയായിരുന്നു. ‘മയക്കു മരുന്നാണെന്ന് പറഞ്ഞ് പിടികൂടിയത് വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമാണ്. നിരവധി തവണ അത് പറഞ്ഞെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. നാട്ടിൽ അപഹാസ്യനും ഒറ്റപ്പെട്ടവനും ആയെന്നും ‘ ജയിൽ മോചിതനായ ബിജു മാത്യു പ്രതികരിച്ചു.