കാണാതായ 8ാം ക്ലാസുകാരന്‍ പരീക്ഷ കഴിഞ്ഞ് പോയത് സിനിമാ ലോക്കേഷന്‍ കാണാൻ, പിടിയിലായ കൈനോട്ടക്കാരൻ മുമ്പും പീഡന കേസുകളിൽ പ്രതി..

കൊച്ചി: കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടു പോയ കൈനോട്ടക്കാരൻ ശശികുമാര്‍ മുൻപും പീഡനക്കേസിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ്. അനില്‍ കുമാര്‍ എന്നായിരുന്നു അന്ന് പേര്. സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് ശശികുമാറിനെതിരെ നേരെത്തെയും കേസെടുത്തിരുന്നതായി പൊലീസ് വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്

ഇന്നലെ രാവിലെയാണ് കുട്ടിയെ പിതാവ് റീടെസ്റ്റിനായി സ്കൂളില്‍ വിട്ടത്. പക്ഷെ പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടി ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല.
പിന്നാലെ പിതാവ് എളമക്കര പൊലീസില്‍ പരാതി നല്‍കി. കൊച്ചിയില്‍ നിന്നും പോയ കുട്ടി വൈകിട്ട് 6 മണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇരുട്ടിയതോടെ ഭയം തോന്നിയ കുട്ടി അടുത്തു കണ്ട ശശികുമാറിനോട് തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചു.
പക്ഷെ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടു പോയത്. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ കുട്ടിയോട് പിതാവിന്റെ നമ്പര്‍ വാങ്ങി വിളിച്ച് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്നും പറയുകയായിരുന്നു

കുട്ടിയേയും ഇയാളേയും പോലീസ് ചോദ്യം ചെയ്തു. പരീക്ഷ കഴിഞ്ഞ് തൊടുപുഴയിലെത്തിയത് സിനിമാ ലൊക്കേഷന്‍ കാണാനാണെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. തൊടുപുഴയിലെ യുട്യൂബറുടെ ആരാധകനാണെന്നും കുട്ടി പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തിക്കാമന്ന് പറഞ്ഞാണ് തന്നെ കൂട്ടികൊണ്ട് പോയതെന്നും പക്ഷെ ഇയാളുടെ വീട്ടില്‍ എത്തിച്ച് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും കുട്ടി പോലീസിനോട് വ്യക്തമാക്കി . ഇതോടെയാണ് പോക്സോ 7, 8 വകുപ്പുകള്‍ ചേര്‍ത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തത്