മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം കുതിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്. പി വി അൻവർ യൂദാസ് ആണെന്നും, ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ് അൻവർ സ്വീകരിച്ചതെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യം ഡിഎംകെയെന്നും പിന്നീട് തൃണമൂലെന്നും പറഞ്ഞ് അൻവർ യാത്ര നടത്തിയത് യുഡിഎഫിന് വേണ്ടിയാണ്. നെറികെട്ട പ്രവർത്തനമാണത്. അക്കാര്യം തങ്ങൾ ആദ്യമേ ചൂണ്ടിക്കാണിച്ചു, ഒടുവിൽ അവിടെ തന്നെയെത്തി. സംസ്ഥാന സർക്കാരിൻറെ തുടർച്ചയായ മൂന്നാം ടേമിലേക്കുള്ള യാത്രയ്ക്ക് സഹായിക്കുന്ന രീതിയിൽ നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഫലമുണ്ടാകും. ഒരാഴ്ചയ്ക്കുള്ളിൽ എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.