ആലുവ: അമ്മ പുഴയിലെറിഞ്ഞു കൊന്ന 4 വയസുകാരി അച്ഛന്‍റെ ഇളയ സഹോദരനില്‍ നിന്ന് നിരന്തരമായി നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ലിസ ജോണ്‍ പൊലീസിന് മൊഴി നല്‍കി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് ഡോക്ടർ വ്യക്തമാക്കി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. മരിക്കുന്നതിന് തൊട്ടു മുന്‍പത്തെ ദിവസവും ഇയാള്‍ പീഡിപ്പിച്ചതായി പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. പോസ്റ്റുമോർട്ടം കഴിഞ്ഞയുടൻ ഡോക്ടർ റൂറൽ എസ്‌പിയെ വിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ റൂറൽ എസ്‌പി ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയാരെന്ന് പൊലീസിന് വ്യക്തമായത്
‘ഒരാളെയായിരുന്നു കുഞ്ഞിനേറ്റവും പ്രിയം’ എന്നായിരുന്നു ചോദ്യം ചെയ്യലില്‍ അമ്മ പോലീസിനോട് വെളിപ്പെടുത്തിയത്.
അമ്മയുടെ ഈ വാക്കാണ് കേസിന്‍റെ ഗതി മാറ്റിയത്. പിന്നാലെ കുട്ടിയുടെ ബന്ധുക്കളെ ചോദ്യം ചെയ്തു. ആദ്യ ഘട്ടത്തില്‍ 3 പേരെയാണ് ചോദ്യം ചെയ്തത്. അവരില്‍ 2 പേരെ വിട്ടയച്ചു. തലങ്ങും വിലങ്ങും ചോദ്യം ചെയ്തെങ്കിലും മൂന്നാമനായ പ്രതി ആദ്യഘട്ടത്തില്‍ കുറ്റം സമ്മതിച്ചില്ല. ഒടുവില്‍ തെളിവുകളും മൊഴികളും നിരത്തിയതോടെ പൊലീസിന് മുന്നില്‍ ഇയാള്‍ കുറ്റം ഏറ്റു പറഞ്ഞു. വീടിനുള്ളില്‍ വെച്ച് തന്നെയാണ് കുഞ്ഞിനെ പീഡിപ്പിച്ചിരുന്നതെന്ന് പ്രതി വെളിപ്പെടുത്തി.
തനിക്കൊരു അബദ്ധം പറ്റിപ്പോയെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുഞ്ഞിന്‍റെ സംസ്കാരസമയത്ത് മൃതദേഹത്തോട് ചേര്‍ന്നു നിന്നു വാവിട്ടു കരഞ്ഞ വ്യക്തി തന്നെയാണ് അവളെ ഇല്ലാതാക്കിയത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും
അതിനിടെ കുഞ്ഞിനെ കൊലപ്പെടുത്തിയതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അമ്മ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇത്രയും പീഡനം നേരിട്ട മകളെ അമ്മ കൊലപ്പെടുത്തിയതിന് ഒരു പ്രധാന കാരണം ഉണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കുട്ടിയുടെ അമ്മയെ 7 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.