ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാൻ ആദ്യ 3 ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ ഇന്ന് യാത്ര തിരിക്കും. അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്താനെ ഒറ്റപ്പെടുത്തുക, ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിലയിരുത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.7 പ്രതിനിധി സംഘങ്ങളിലെ ആദ്യ 3 ടീം ആണ് ഇന്ന് പുറപ്പെടുന്നത്. ജനതാദള്‍ നേതാവ് സഞ്ജയ് ഝാ നയിക്കുന്ന മൂന്നാമത്തെ സംഘം, ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡെ നയിക്കുന്ന നാലാം സംഘം, ഡിഎംകെ എംപി കനിമൊഴി നയിക്കുന്ന ആറാമത്തെ സംഘം എന്നിവരാണ് ഇന്ന് യാത്ര തിരിക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ആക്രമിച്ചാല്‍ കൃത്യമായ തിരിച്ചടി നല്‍കുമെന്നുമുള്ള വ്യക്തമായ സന്ദേശം മറ്റു രാജ്യങ്ങള്‍ക്ക് നല്‍കും
ശിവസേന നേതാവ് ശ്രീകാന്ത് ഷിന്‍ഡയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശനം നടത്തുക യുഎഇയിലാണ്. ശേഷം ലിബേറിയ, കോംഗോ, പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയേറാ ലിയോണ്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. മുസ്ലിം ലീഗ് എം പി ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുന്നതാണ് സംഘം.
സഞ്ജയ് ഝാ നയിക്കുന്ന സംഘം ഇന്തോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കനിമൊഴി നയിക്കുന്ന സംഘം സ്‌പെയിന്‍, ഗ്രീസ്, സ്ലോവേനിയ, റഷ്യ, ലാത്വിയ എന്നീ രാജ്യങ്ങളിലും സന്ദർശനം നടത്തും.
ശശി തരൂര്‍ എംപി നയിക്കുന്ന പ്രതിനിധി സംഘം ശനിയാഴ്ചയാണ് പുറപ്പെടുക. ബിജെപി നേതാക്കളായ ശവി ശങ്കര്‍ പ്രസാദ്, ബൈജയന്ത് ജയ് പാണ്ഡ, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് സുപ്രിയ സുലേ, എന്നിവരാണ് മറ്റ് പ്രതിനിധി സംഘത്തലവന്മാര്‍