200ഓളം സ്ത്രീകളെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ; പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് മരണം വരെ തടവും പിഴയും

കോയമ്പത്തൂര്‍ ; പ്രമാദമായ പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിൽ 9 പ്രതികൾക്കും മരണം വരെ തടവും പിഴയും വിധിച്ച് കോയമ്പത്തൂർ വനിതാ കോടതി. പരാതിക്കാരായ സ്ത്രീകൾക്കായി 85 ലക്ഷം രൂപ പിഴ നൽകാനും കോടതി വിധിച്ചു. പൊള്ളാച്ചി സ്വദേശികളായ തിരുനാവുക്കരശ് (25), ശബരിരാജൻ (25), സതീഷ് (28), വസന്തകുമാർ (27), മണിവണ്ണൻ (28), ഹിരൻബാൽ (29), ബാബു (27), അരുളാനന്ദം (34), അരുൺകുമാർ (29) എന്നിവരാണ് കേസിലെ പ്രതികൾ പ്രതികള്‍ക്കെതിരെ
ബലാത്സംഗം അടക്കം ചുമത്തപ്പെട്ട എല്ലാ വകുപ്പുകളും സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
48 സാക്ഷികളെ വിസ്തരിച്ച കോടതി 400 ലധികം ഡിജിറ്റൽ രേഖകളും പരിശോധിച്ചിരുന്നു

പ്രതികൾ ഇരുന്നൂറോളം സ്ത്രീകളെയാണ് പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തിയത്. ഡോക്ട‍ർമാ‍ർ, കോളേജ് അധ്യാപകർ,വിദ്യാ‍ർത്ഥികൾ തുടങ്ങി നിരവധി യുവതികളെയാണ് പ്രതികൾ ചൂഷണം ചെയ്തത്. തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട 19 കാരിയായ കോളേജ് വിദ്യാ‍ർത്ഥിനി അതിക്രമത്തെ കുറിച്ച് വീട്ടുകാരോട് പറ‌ഞ്ഞതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികളുടെ ലാപ്ടോപ്പിൽ നിന്ന് നിരവധി യുവതികളുടെ നഗ്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും മിക്കവരും പരാതി നൽകാൻ വിസമ്മതിക്കുകയായിരുന്നു. കേസ് അന്വേഷണത്തിലെ പൊലീസിന്റെ വീഴ്ചയെ തുടർന്ന് സിബിഐയാണ് തുടരന്വേഷണം നടത്തി പ്രതികളെ വലയിലാക്കിയത്
തമിഴ്നാട്ടിൽ ഏറെ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു ഇത്