‘ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടും, ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കി’ പ്രതിരോധ മന്ത്രി

ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും റാവല്‍പിണ്ടി ആക്രമിച്ചെന്നും പ്രതിരോധ മന്ത്രി സ്ഥിരീകരണം നൽകി.

പാക് സൈന്യത്തിന്‍റെ കമാൻഡ് സെന്‍ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്നാഥ് സിംഗ് അഭിനന്ദനമറിയിച്ചു. ഭീകരര്‍ക്ക് പാക് മണ്ണ് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് ഓപ്പറേഷൻ സിന്ദൂര്‍ നൽകി. ലഖ്നൗവിലെ പുതിയ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

പ്രതിരോധരംഗത്ത് രാജ്യത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താൻ കഴിയേണ്ടതുണ്ട്. അതിർത്തിയിലെ സാഹചര്യത്തിൽ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. പൊഖ്റാൻ ആണവപരീക്ഷണം പ്രതിരോധരംഗത്തെ മുന്നേറ്റത്തിന്‍റെ പ്രധാന ചുവടുവയ്പ്പായിരുന്നു. ബ്രഹ്മോസ് രാജ്യത്തെ ഏറ്റവും വേഗമേറിയ സൂപ്പർസോണിക് മിസൈൽ വേധ ഉപകരണമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു..

ഓപ്പറേഷൻ സിന്ദൂർ ഒരു സൈനിക നടപടി മാത്രമായിരുന്നില്ല, രാജ്യത്തെ സാധാരണക്കാർക്ക് നീതി ഉറപ്പാക്കാനുള്ള ഒരു നീക്കമായിരുന്നു. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസ മേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ല. പക്ഷേ പാകിസ്ഥാൻ ഇന്ത്യയിലെ ആരാധനാലയങ്ങളെയും ജനവാസമേഖലകളെയും ഒരു പോലെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ആ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം ധീരമായി ചെറുത്തു തോൽപിച്ചു. സർജിക്കൽ സ്ട്രൈക്ക്, ബാലാകോട്ട് ആക്രമണം, ഇപ്പോഴത്തെ ഈ ആക്രമണം എല്ലാം ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിനുള്ള ശക്തമായ മറുപടിയായിരുന്നു എന്നും രാജ്നാഥ് സിംഗ് പറഞ്ഞു.