‘ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിലെ സാഹചര്യമല്ല ഇന്ന്’; എതിർ ശബ്‌ദവുമായി ശശി തരൂർ

1971 ല്‍ സമാനസാഹചര്യം ഉണ്ടായപ്പോൾ അന്ന് ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങിയില്ലെന്ന ചർച്ച കോണ്‍ഗ്രസ് സജീവമാക്കിയതിനിടെ എതിർ ശബ്‌ദവുമായി ശശി തരൂർ. ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ എം പി.
1971 ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു. നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാര്‍മികമായ ഒരു പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ഒരു ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അതിനുള്ള വില അവര്‍ നല്‍കിയേ മതിയാകൂ. ആ പാഠം അവരെ പഠിപ്പിച്ചു കഴിഞ്ഞു. അല്ലാതെ ഇത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന ഒരു യുദ്ധമല്ലന്നും ശശി തരൂര്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന വിവരം ആദ്യമായി പുറത്ത് വിട്ടത്. പിന്നാലെ അമേരിക്ക ഇന്ത്യൻ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ അമേരിക്ക ഇടപെട്ടത് കോണ്‍ഗ്രസ് ഒരു വിഷയമായും ഉന്നയിച്ചു.