പാകിസ്ഥാന്‍റെ ആണവായുധ ഭീഷണിക്ക് പിന്നാലെ ഫോണിൽ വിളിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി.. സംഘർഷം ഒഴിവാക്കണമെന്ന് ലോക രാജ്യങ്ങൾ

ദില്ലി: ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. അതിനിടെ സമിതിയുടെ യോഗം പാകിസ്ഥാൻ വിളിച്ചതിന് പിന്നാലെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ പാക് സൈനിക മേധാവിയെ ഫോണില്‍ വിളിച്ച് സംഘര്‍ഷം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ന് പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് ആണവായുധങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമിതിയുടെ യോഗം ചേരുക.

ഇന്ത്യ-പാക് സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ജി 7 രാജ്യങ്ങളും രംഗത്തെത്തി. ”പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് നടന്ന ഭീകരവാദി ആക്രമണത്തെ കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും, യൂറോപ്യന്‍ യൂണിയന്‍റെ ഉന്നത പ്രതിനിധികളും ശക്തമായി അപലപിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷങ്ങളില്‍ നിന്ന് പരമാവധി അയയണം. ഇനിയും സൈനിക നീക്കം തുടരുന്നത് പ്രദേശത്തിന്‍റെ സ്ഥിരതയ്ക്ക് ഭീഷണിയാവും. ഇരു വശത്തമുള്ള സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയെ കുറിച്ച് ജി7 രാജ്യങ്ങള്‍ക്ക് ആശങ്കയുണ്ട്. ഉ നേരിട്ടുള്ള ചര്‍ച്ചകളിലൂടെ ഇന്ത്യയും പാകിസ്ഥാനും സമാധാനം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. നയതന്ത്രപരമായ പരിഹാരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു” ജി 7 രാജ്യങ്ങളുടെ പ്രസ്‌താവനയില്‍ പറയുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷം ലഘൂകരിക്കാൻ ആഗ്രഹിക്കുന്നെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി. യു എസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പാകിസ്ഥാൻ പ്രധാന മന്ത്രിയുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തിയിട്ടുണ്ട്.

അതിനിടെ ഇന്ത്യക്കെതിരെ ആക്രമണമാരംഭിച്ചെന്ന് പാകിസ്ഥാൻ സമ്മതിച്ചിരിക്കുകയാണ്. ശക്തമായ കോട്ട എന്ന അർത്ഥം വരുന്ന ഓപ്പറേഷന്‍
ബുന്യാനുൽ മർസൂസ് എന്നാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ടത്. ഡ്രോണുകൾ  ഉപയോഗിച്ചുള്ള വ്യാപകമായ ആക്രമണം ഇന്നലെ രാത്രിയിലും പാകിസ്ഥാന്‍ തുടർന്നു. പക്ഷെ അതെല്ലാം വിജയകരമായി പ്രതിരോധിച്ച ഇന്ത്യ അതിശക്തമായ പ്രത്യാക്രമണവും നടത്തിയിട്ടുണ്ട്.