മലപ്പുറം : വളാഞ്ചേരിയില്‍ നിപ ബാധിച്ച സ്ത്രീയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്. 49 പേരാണ് യുവതിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 6 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. 45 പേർ ഹൈ റിസ്ക്ക് കാറ്റഗറിയിൽ ഉള്ളവരാണ്. അതേ സമയംരോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ഭർത്താവും മക്കളുമടക്കം അടുത്ത് സമ്പക്കമുള്ളവർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ 3 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്മെന്റ് സോൺ പ്രഖ്യാപിച്ചു.വളാഞ്ചേരി നഗരസഭ, മാറാക്കര, എടയൂർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്.
നിപ ബാധിതയായ യുവതിയുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേരുടെ സ്രവ സാമ്പിളുകൾ പരിശോധിച്ചതിൽ ആദ്യ ഘട്ടത്തിൽ എല്ലാം നെഗറ്റീവാണ്. എങ്കിലും ഇവരോട് 21 ദിവസം ക്വാറൻ്റീനിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു പൂച്ച ചത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന സാമ്പിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വളാഞ്ചേരിയിൽ ഇന്നലെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിൽ ഇവർ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണ്.