ആലപ്പുഴ: സ്വർണത്തിനൊപ്പം മുക്കുപണ്ടം അണിഞ്ഞ് വിവാഹത്തിനെത്തുന്നത് വരന്റെ വീട്ടുകാർ എതിർത്തതോടെ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ആലപ്പുഴ ഹരിപ്പാടിനടുത്തുള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഇന്നലെയായിരുന്നു ഇവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 15 പവൻ സര്‍ണ ആഭരണങ്ങൾക്ക് പുറമെ ഇമിറ്റേഷൻ ആഭരണങ്ങളും അണിയിക്കുമെന്ന് വരന്റെ കുടുംബത്തെ വധുവിന്റെ അമ്മ അറിയിച്ചിരുന്നു. എന്നാൽ കല്യാണത്തിന് മുൻപ് നടക്കുന്ന ‘ഹൽദി’ ചടങ്ങിൽ വെച്ച് മുക്കുപണ്ടം അണിയിച്ചുള്ള കല്യാണം വേണ്ടെന്ന തരത്തിൽ വരന്റെ വീട്ടുകാർ സംസാരിച്ചു എന്നാണ് ആരോപണം. ഇതോടെ ഇരു കുടുംബങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായി.
വധുവിന്റെ കുടുംബം തുടർന്ന് പൊലീസിൽ പരാതി നൽകി. ശേഷം നടന്ന ചർച്ചയിൽ വരന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു.
എന്നാൽ വരന്‍റെ വീട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചതിനാല്‍ വിവാഹത്തിന് താത്പര്യമില്ലെന്ന് പെൺകുട്ടി തന്നെ അറിയിക്കുകയായിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറുന്നതായി പൊലീസിനെ എഴുതി അറിയിക്കുകയും ചെയ്തു.
2 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹ നിശ്ചയം നടന്നത്. വരന്റെ വീട്ടുകാർ കല്യാണ ചിലവിനായി പണവും ആഭരണങ്ങളും വാങ്ങിയിരുന്നതായും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. 50,000 രൂപയും നാലര പവന്റെ മാലയുമാണ് വാങ്ങിയത്. ഇവയും നിശ്ചയത്തിനും കല്യാണ ഒരുക്കങ്ങൾക്കും മറ്റും ചിലവായ തുകയും അടക്കം മടക്കിക്കിട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.