‘ഭീരുവായ മോദി നിരപരാധികളായ തന്‍റെ ബന്ധുക്കളെ ലക്ഷ്യം വെച്ചു, ഇനി ആരും കരുണ പ്രതീക്ഷിക്കരുത്,’ – മസൂദ് അസ്ഹര്‍

ഓപ്പറേഷൻ സിന്ദൂരിൽ തന്‍റെ പത്ത് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് കൊടും ഭീകരനായ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസർ.
ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയ മസൂദ് അസർ. ഭീരുവായ മോദി നിരപരാധികളായ തന്‍റെ ബന്ധുക്കളെ ലക്ഷ്യം വെച്ചെന്നും മസൂദ് അസർ പ്രസ്താവനയിൽ പറയുന്നു. ഓപ്പറേഷൻ സിന്ദൂറില്‍ കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ വീടും തകർത്തതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യൻ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീട് തകർന്നത്

മസൂദ് അസ്ഹറിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം

‘തന്റെ കുടുംബത്തിലെ 10 പേര്‍ കൊല്ലപ്പെട്ടു. 5 കുട്ടികള്‍, മൂത്ത സഹോദരി, സഹോദരി ഭര്‍ത്താവ്, ശിഷ്യന്‍, അനന്തരവന്‍, ഭാര്യ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഭീരുവായ മോദി നിരപരാധികളായ തന്റെ കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും ലക്ഷ്യം വെച്ചു. എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. തന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം താനും ചേരുമായിരുന്നു. പക്ഷേ സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. ഞങ്ങളുടെ വീട്ടില്‍ നാല് കുട്ടികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഏഴ് മുതല്‍ മൂന്ന് വയസ്സ് വരെയായിരുന്നു പ്രായം. നാലുപേരും ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. ഇപ്പോള്‍ അവരുടെ മാതാപിതാക്കള്‍ ഒറ്റപ്പെട്ടു. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നാല് മണിക്ക് നടക്കും.’- പ്രസ്താവനയിൽ പറയുന്നു