25 മിനിറ്റ് മാത്രം നീണ്ടു നിന്ന തിരിച്ചടി കിറുകൃത്യം ; ഭീകര ക്യാമ്പുകൾ തകർന്നടിഞ്ഞു. കൊടും ഭീകരൻ മസൂദ് അസ്ഹറിന്റെ വീടും തകർത്തു

ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ
പാകിസ്ഥാൻ, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ 9 ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 70 ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചത്. ഭീകരരെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ക്യാമ്പുകളാണിത്.
25 മിനിറ്റിനുള്ളില്‍
24 മിസൈലുകൾ ആണ് പ്രയോഗിച്ചത്.
പുലർച്ചെ 1:05 മുതൽ 1:30 വരെ നീണ്ടു നിന്ന ആക്രമണം കരസേന, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായയാണ് നടത്തിയത്.
ദീർഘ ദൂര മിസൈലായ സ്ക‌ാൾപ്, ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ഹാമർ എന്നിവയാണ് ഇന്ത്യൻ സൈന്യം ഉപയോഗിച്ചത്. കൃത്യമായ ലക്ഷ്യത്തില്‍ പ്രഹരമേൽപ്പിക്കാൻ ശേഷിയുള്ള സ്ഫോടകവസ്‌തുക്കൾ ഡ്രോൺവഴിയും തൊടുത്തു. ലഷ്കർ, ജയ്ഷെ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളുടെ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. ലഷ്‌കർ അനുകൂല സംഘടനയായ ദ് റെസിസ്‌റ്റൻസ് ഫ്രണ്ടാണ് പഹൽഗാമിൽ 26 പേരുടെ ജീവനെടുത്തത്.
മുറിദ്കെ, ബഹവൽപൂർ, കോട്‌ലി, ഗുൽപൂർ, ഭീംബർ, ചക് അമ്രു, സിയാൽകോട്ട്, മുസാഫറാബാദ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്

അതിനിടെ
പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ
ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട് . മസൂദ് അസ്ഹറിന്റെ സഹോദരി ഉൾപ്പെടെ 14 കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച ആളുടെ ഭാര്യാ സഹോദരനും ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളിൽ ഉൾപ്പെടുന്നുവെന്ന് പാക് മാധ്യമങ്ങള്‍ പറയുന്നു. അതേസമയം 32 പേരാണ് കൊല്ലപ്പെട്ടതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്ത് നടത്തിയ ഇന്ത്യൻ ആക്രമണത്തിലാണ് മസൂദ് അസ്ഹറിന്റെ വീട് തകർന്നത്