ഇരിട്ടി: എസ്റ്റേറ്റ് ഉടമ കണ്ണൂരിലെ പ്രദീപ് കൊയിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കര്‍ണാടക സ്വദേശികളായ അഞ്ചുപേർ പിടിയിൽ. ഗോണിക്കുപ്പ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊന്നമ്പേട്ട മുഗുട്ടേരിയിലെ എന്‍.എസ്. അനില്‍ (25), സോംവാര്‍പേട്ട അല്ലൂര്‍ക്കാട്ടെ ദീപക് എന്ന ദീപു (21), സോംവാര്‍പേട്ട നെരുഗലെ സ്റ്റീഫന്‍ ഡിസൂസ (26), സോംവാര്‍പേട്ട ഹിതലമക്കി എച്ച്.എം. കാര്‍ത്തിക് (27), പൊന്നമ്പേട്ട നല്ലൂരിലെ ടി.എസ്. ഹരീഷ് (29) എന്നിവരാണ് അറസ്റ്റിലായത്. കുടകിലെ ബി ഷെട്ടിഗേരിയിലെ സ്വന്തം കാപ്പിത്തോട്ടത്തിലെ ഫാംഹൗസിലാണ് ഏപ്രില്‍ 23-ന് പ്രദീപിനെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
പ്രതികളിൽ നിന്നും കുറ്റകൃത്യത്തിനുപയോഗിച്ച രണ്ട് ബൈക്ക്, 13.03 ലക്ഷം രൂപ, കൊല്ലപ്പെട്ട പ്രദീപിന്റെതടക്കം മൂന്ന് മൊബൈല്‍ ഫോണ്‍, പ്രദീപിന്റെ സ്വത്തുക്കളുടെ രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ അനില്‍ നാട്ടിലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും ജോലിയും തൊഴിലും സ്വത്തുമില്ലാത്ത ആള് എന്ന നിലയില്‍ പെണ്‍കുട്ടിയുടെ കുടുംബം വിവാഹാലോചന നിരസിച്ചു.
ഇതിനെത്തുടര്‍ന്ന് പെട്ടെന്ന് പണവും സ്വത്തും സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുനിഞ്ഞതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പെട്ടെന്ന് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അനില്‍ പലരെയും പരിചയപ്പെടുകയും ഹാസന്, പൊന്നമ്പേട്ട എന്നിവിടങ്ങളില്‍ ഭൂമിയില്‍ നിധിയുണ്ടെന്ന് പറഞ്ഞ് കബളിപ്പിക്കുകയും ചെയ്തതായും അന്വേഷണസംഘം കണ്ടെത്തി. ഗോണിക്കുപ്പ പോലീസ് സ്റ്റേഷന് പരിധിയിലെ അവിവാഹിതയായ സ്ത്രീയെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും നിരവധി സ്വത്തുള്ളവരെയും സൗഹൃദം നടിച്ച് അനില്‍ കബളിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു.
കൊല്ലപ്പെട്ട പ്രദീപ് കൊയിലിയും അവിവാഹിതനാണെന്നും ധാരാളം സ്വത്തിന് ഉടമയാണെന്നും മലയാളിയാണെന്നും ഇടനിലക്കാരില്‍നിന്ന് അനില്‍ മനസ്സിലാക്കി. പ്രദീപിന്റെ കാപ്പിത്തോട്ടം വാങ്ങാന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തോട്ടത്തിന് വിലപറയുകയും ഒരുലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. ഈ പരിചയത്തിലാണ് പ്രദീപിന്റെ ഫാം ഹൗസില്‍ എത്തിയത്. കൊലപാതകം നടത്തിയശേഷം വീട്ടിലെ നിരീക്ഷണക്യാമറകള്‍ നശിപ്പിക്കാനുള്ള ശ്രമവും ഉണ്ടായി.