മാർപാപ്പയുടെ വേഷമണിഞ്ഞ ചിത്രവുമായി ട്രംപ്; പോപ്പിനെ പരിഹസിക്കുന്നുവെന്ന് ആരോപണം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകൾ നടക്കവെ പോപ്പിന്റെ വേഷമണിഞ്ഞ എ ഐ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കു വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പോപ്പ് ആകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നറിയിച്ച് ​ദിവസങ്ങൾക്ക് ശേഷമാണ് പോസ്റ്റുമായി ട്രംപ് രം​ഗത്തെത്തിയത്. പോസ്റ്റിന് താഴെ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്

ആരെയാണ് ആഗോള കത്തോലിക്കാ സഭയുടെ പുതിയ തലവനായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്ക് പോപ്പ് ആകാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി. അങ്ങനെയൊരു അവസരം ലഭിച്ചാല്‍ പോപ്പ് ആകുന്നതിനാകും തന്റെ പ്രഥമ പരിഗണനയെന്നും ട്രംപ് പറഞ്ഞിരുന്നു. പുതിയ പോപ്പ് ആരാകണം എന്നത് സംബന്ധിച്ച് തനിക്ക് പ്രത്യേക താല്‍പര്യങ്ങളൊന്നുമില്ലെന്നും അത് ന്യൂയോര്‍ക്കില്‍ നിന്നുളള ആളായാല്‍ വലിയ സന്തോഷമുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു