ആ നടനാര്.. മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയെന്ന ആരോപണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയാണ് നിർമ്മാതാവിൻ്റെ വെളിപ്പെടുത്തല്‍. കൊച്ചിയില്‍ ഒരു സിനിമാ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ലിസ്റ്റിൻ സ്റ്റീഫൻ ഇക്കാര്യം പുറത്തു വിട്ടത്. പ്രമുഖ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്ന ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് ലിസ്റ്റിൻ്റെ മുന്നറിയിപ്പ്.

അതേ സമയം ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന പുതിയ സിനിമ ബേബി ഗേളിലെ താരത്തിനെതിരെയാണ് മുന്നറിയിപ്പെന്നാണ് സിനിമാ ലോകം കരുതുന്നത്. 10 വര്‍ഷത്തിലധികമായി മലയാള സിനിമയിൽ പ്രമുഖ താരമാണ് ഈ നടൻ. നടൻ സിനിമാ സെറ്റിൽ നിന്ന് ഇറങ്ങി പോയതാണ് ലിസ്റ്റിനെ പ്രകോപിപ്പിച്ചതെന്ന് വിവരമുണ്ട്. ലിസ്റ്റിനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താരം ഇറങ്ങിപ്പോയതെന്നും അറിയുന്നു. ഈ സിനിമക്ക് ഷെഡ്യൂൾ നൽകിയ താരം ഇതേ സമയത്ത് മറ്റൊരു സിനിമയിൽ അഭിനയിക്കാൻ പോയതിലാണ് നിർമ്മാതാവ് വിമർശനം ഉന്നയിച്ചതെന്നാണ് വിവരം